ഉത്സവം |
മീനമാസത്തില്‍ ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം നടത്തപ്പെടുന്നു. ഏഴുദിവസങ്ങളില്‍ നടക്കുന്ന ഈ യജ്ഞത്തില്‍ ഭാഗവതം പാരായണം ചെയ്യുകയും ഭഗവത് കഥകള്‍ പ്രഭാഷണം ചെയ്ത് പൂജകള്‍ നടത്തുകയും ചെയ്യുന്നു. ഈ യജ്ഞത്തിലെ കൃഷ്ണാവതാരദിനത്തില്‍ വിദ്യാവിജയത്തിനും സര്‍വ്വകാര്യസിദ്ധിക്കും വേണ്ടി ഭക്തജനങ്ങള്‍ തൃക്കൈവെണ്ണ സമര്‍പ്പിക്കുകയും വിദ്യാര്‍ത്ഥികള്‍ വിദ്യാഗോപാലപൂജ നടത്തുകയും ചെയ്യുന്നു. രുഗ്മിണീസ്വയംവരപൂജയില്‍ നടത്തുന്ന വസ്ത്രപൂജ വിശേഷാല്‍പ്രധാനമാണ്; വിവാഹം കഴിയാത്തവര്‍ക്ക് വിവാഹം നടക്കുവാനും, വിവാഹം കഴിഞ്ഞവര്‍ക്ക് ജീവിതം മംഗളകരമാക്കുവാനും വസ്ത്രങ്ങള്‍ പൂജചെയ്ത് ധരിക്കുന്നു. ഇതിന് അനുഭവസ്ഥര്‍ ഏറെയുണ്ട്. ഈ യജ്ഞത്തിലെ കുചേലദിനത്തില്‍ ദാരിദ്ര്യദുഃഖനിവാരണത്തിനായി ഭക്തജനങ്ങള്‍ ഭഗവാന് അവില്‍ക്കിഴികള്‍ സമര്‍പ്പിക്കുന്നു. ഏഴാം ദിനം നടക്കുന്ന അവഭൃതസ്നാന(ആറാട്ട്)ത്തോടെ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം സമാപിക്കുന്നു. പിറ്റേന്നാള്‍ മീനമാസത്തിലെ തിരുവോണം നക്ഷത്രത്തില്‍ ക്ഷേത്രത്തില്‍ ഉത്സവം(മീനത്തിരുവോണമഹോത്സവം) ആരംഭിക്കുന്നു. അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന ഈ ഉത്സവദിനങ്ങളില്‍ ഭഗവാന്‍റെ അവതാരപൂജകള്‍, കലശപൂജകള്‍, കളഭാഭിഷേകം, സുദര്‍ശനഹോമം, ദേവിക്ക് ഭഗവതിസേവയും കളമെഴുത്തുംപാട്ടും, നവഗ്രഹപൂജ, ശനീശ്വരപൂജ തുടങ്ങിയപൂജകള്‍ നടത്തുന്നു. 4ാം ഉത്സവദിനത്തില്‍ ഭഗവാന്‍റെ ആനപ്പുറത്തെഴുന്നള്ളത്ത് നടത്തുന്നു. ദേശത്തിലെ ഭക്തജനങ്ങള്‍ ഭഗവത്ചൈതന്യത്തെ നിറപറയും നിലവിളക്കും ഒരുക്കി വരവേല്‍ക്കുന്നു. ഉത്സവ സമാപന ദിനത്തില്‍ ഭഗവാന്‍റെ ഇഷ്ടനിവേദ്യമായ പാല്‍പായസം പൊങ്കാലയായി സമര്‍പ്പിക്കുന്നു. സര്‍പ്പദോഷനിവാരണത്തിനും, നാഗദേവതാപ്രീതിക്കും വേണ്ടി ഭക്തജനങ്ങള്‍ നാഗരാജാവിന്‍റെ സന്നിധിയില്‍ നാഗരൂട്ട് നടത്തുന്നു. അന്നേദിവസം വൈകുന്നേരം ദേവീസന്നിധിയില്‍ ബാലികമാര്‍ താലപ്പൊലി സമര്‍പ്പിക്കുന്നു. അടുത്തദിവസം വെളുപ്പിന് നാലുമണിക്ക് പുറത്തെഴുന്നളളിപ്പും മംഗളപൂജയോടു കൂടി ഉത്സവം സമാപിക്കുന്നു. സപ്താഹഉത്സവനാളുകളില്‍ മുടക്കം വരാതെ നിര്‍മ്മാല്യദര്‍ശനവും സമാപന ദിവസം നടക്കുന്ന മംഗളപൂജയില്‍ പങ്കെടുക്കുന്നതും സര്‍വ്വൈശ്വര്യങ്ങളും പ്രദാനംചെയ്യുന്ന വളരെ വിശേഷപ്പെട്ട ചടങ്ങായി ഭക്തജനങ്ങള്‍ ആചരിച്ചുപോരുന്നു. കൂടാതെ ഈ ദിനങ്ങളില്‍ രാവിലെയും ഉച്ചയ്ക്കും അന്നദാനങ്ങളും മറ്റ് പൂജകളും നേര്‍ച്ചയായി നടത്തുന്നു. |
|
|
|
|